എടത്വ: കുട്ടനാട്ടിലേക്ക് കിഴക്കൻ വെള്ളത്തിന്റെ വരവിന് ശമനമില്ല. ജലനിരപ്പ് വീണ്ടും ഉയരുന്നു. കിഴക്കൻ മേഖലയായ ചെങ്ങന്നൂർ, പാണ്ടനാട്, പൊടിയാടി പുളിക്കീഴ് തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിൽ വെള്ളം ഉയർന്നുനിൽക്കുന്നത് കുട്ടനാട്ടുകാരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്. കിഴക്കൻ പ്രദേശത്ത് വെള്ളം ഇറങ്ങിയാൽ അതു മുഴുവൻ വന്നു പതിക്കുന്നത് കുട്ടനാട്ടിൽ ആണ്. കുട്ടനാട്ടിൽ മഴ ഇല്ലെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കുട്ടനാടിന്റെ തെക്കൻ മേഖല, അപ്പർ കുട്ടനാട് മേഖലകളിലെ വെള്ളം ഒഴിഞ്ഞു പോകുന്നത് തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ്. കടൽ ഏറ്റം കൊണ്ട് നിൽക്കുന്നതിനാൽ ഇവിടെ നിന്നും വെള്ളം ഒഴുകിമാറുന്നത് വളരെ കുറഞ്ഞ അളവിലാണ്.
ഒറ്റ രാത്രികൊണ്ടാണ് ഇത്രയധികം ജലനിരപ്പ് ഉയർന്നത് നൂറുകണക്കിനു വീടുകളാണ് വെള്ളത്തിലായത്. നിരവധി സ്ഥാപനങ്ങളും വെള്ളത്തിലായി. കിഴക്ക് മഴ ശക്തിപ്രാപിക്കുന്നതിനാൽ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത. തലവടി, മുട്ടാർ, എടത്വ, തകഴി, നിരണം, വീയപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ജലനിരപ്പ് ഏറ്റവും ഉയര്‍ന്നത്. കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയാണ് കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നതിന് കാരണമാവുന്നത്. കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലായിട്ടുണ്ട്.
വീടുകളും, ഇടറോഡുകളും, പറമ്പുകളിലും വെള്ളം കയറി മുങ്ങിയിരിക്കുകയാണ്. മഴ നീണ്ടുനിന്നാല്‍ ജലനിരപ്പ് ഇനിയും നന്നേ വര്‍ധിക്കുകയും ജനജീവിതം ദുരിതമായി തീരുകയും ചെയ്യും. കരകൃഷിയും ഏറെക്കുറെ പൂര്‍ണമായി നശിച്ചു. മഴ ഇനിയും ശക്തിപ്രാപിച്ചാല്‍ ജനജീവിതം ഏറെ ദുരിതമായി തീരാന്‍ സാധ്യതയുണ്ട്.
വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ തേടണം
അമ്പലപ്പുഴ: അടിക്കടി ഉണ്ടാവുന്ന അതിതീവ്ര മഴയും വെള്ളപ്പൊക്കവും മറ്റ് പ്രകൃതിദുരന്തങ്ങളും നേരിടുന്നതിന് ശാസ്ത്രീയമായ പഠനം നടത്തി പ്രതിവിധികൾ കണ്ടെത്തുവാൻ വിദഗ്ധ സംരംഭങ്ങൾക്ക് രൂപം നൽകണമെന്ന് ഫ്രണ്ട്സ് ഓഫ് ട്രീസ് ആൻഡ് നേച്ചർ ക്ലബ് വർക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഡോ. ദിലീപ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷീല ജഗധരൻ, അഡ്വ. ദിലീപ് ചെറിയനാട്, അഡ്വ. പ്രദീപ് കൂട്ടാല, പ്രഫ. അനില ജോസ്, ഡോ. എ. ഹുമയൂൺ എന്നിവർ പങ്കെടുത്തു.